Tuesday, August 15, 2006

പേരിലെന്തിരിക്കുന്നെന്നോ?

1. "എടാ കൊച്ചനേ, ഇതു വരെ ജോലിയൊന്നും ആയില്ലേടാ? കുറേ നാളായല്ലോ നീ ഇന്റര്‍വ്യൂ ഇന്റര്‍വ്യൂ എന്നും പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട്‌ "
2. "ആഹ്‌... നീ എപ്പൊഴാ വന്നത്‌? എന്നാ തിരിച്ച്‌ പോകുന്നെ?"


നല്ല പഷ്ട്‌ ചോദ്യങ്ങള്‍ അല്ലേ? എന്നാ ഒന്നൂടെ പിടിച്ചൊ!

"നിന്റെ ബ്ലോഗിന്റെ പേരെന്താ?"

ബ്ലോഗ്‌ വായിച്ചും കമന്റുണ്ടും ഇരുന്ന ചാക്കോച്ചിക്ക്‌ പെട്ടന്നൊരു വിളി വന്നു-സ്വന്തമായി ഒരു ബ്ലോഗ്‌ തുടങ്ങാന്‍. ഏന്നാലേ ഇവിടെത്തെ ബൈലോ പ്രകാരം വോട്ടവകാശം കിട്ടത്തൊള്ളൂ പോലും. ബ്ലോഗ്‌ തുടങ്ങാന്‍ എളുപ്പമാന്ന്‌ തോന്നുന്നു. ഇവിടെ ദിവസവും മൂന്നുനേരം ഓരോരോ പുതുമുഖങ്ങള്‍ ഞാന്‍ ചിന്നനാണ്‌, ഞാന്‍ കൊമ്പനാണ്‌, ഞാന്‍ അടിച്ചു പൊളിക്കും, ഞാന്‍ പൊളിച്ചടുക്കും എന്നൊക്കെ പറഞ്ഞു തുടങ്ങി മൂന്നിന്റന്ന്‌ ബ്ലോക്കും പിക്ച്ചറും ഫോള്‍ഡ്‌ ചെയ്ത്‌ മൂലയ്ക്കിരിക്കുന്നത്‌ കാണാഞ്ഞിട്ടല്ല... എങ്കിലും എങ്കിലുമെങ്കിലുമെന്തെങ്കിലുമൊക്കെ മലയാളത്തില്‍ കുത്തികുറിക്കുന്നതിലുള്ള ഒരു കൌതുകം, അതു വായിച്ചിട്ട്‌ വിവരമുള്ള നാലു പേര്‍ പറയുന്ന തെറി കേള്‍ക്കാന്‍ ഒരാഗ്രഹം!

ഈ ബൂലോഹത്തിലെ എന്റെ ആറടി മണ്ണിനു എന്തു ഞാന്‍ പേരിടും? കൊടകര ക്ലബ്ബിന്റെ പടിഞ്ഞാറ്‌ ആല്‍ത്തറ ജ്യംഷന്റെ ഇടത്ത്‌ വശത്ത്‌ മൂന്നാമത്തെ ബ്ലോഗ്‌ എന്ന്‌ പറഞ്ഞാല്‍ പോരല്ലോ. നല്ല ഗുമ്മന്‍ പേര്‌ വേണം. നെറ്റായ നെറ്റൊക്കെ കിടുങ്ങി വിറയ്ക്കുന്ന ബൂലോഗം കോരിത്തരിക്കുന്ന ഒരു പ്യേരു തന്നെ വേണം...ചാക്കോച്ചിയുടെ സങ്കീര്‍ത്തനങ്ങള്‍ എന്നോ ചാക്കോച്ചിയുടെ ലുത്തിനിയകള്‍ എന്നോ മറ്റോ! പക്ഷേ മാധവണ്ണനും ശ്രീധരണ്ണനുമൊക്കെ ബ്ലോഗാന്‍ തുടങ്ങുമ്പൊ അവര്‍ക്ക്‌ ഒരു
inf dot com തോന്നിയാലോ?

ഏന്നാ സാഹിത്യം തുളുമ്പുന്ന പേരായിക്കോട്ടെ... നീര്‍മാതളങ്ങള്‍ പോലെ, മുന്തിരിത്തോപ്പുകള്‍ പോലെ...പക്ഷേ ഇത്രോം നല്ല name board താങ്ങി പിടിച്ചോണ്ടു നില്‍ക്കാന്‍ അകത്ത്‌ വല്ല സ്റ്റഫ്ഫും വേണ്ടേ? ഇവിടാകെയുള്ള ക്യാപിറ്റല്‍ ഈ "ശൂരംഭത്ത്വം" ആണെന്നു എനിക്കു മാത്രമല്ലേ അറിയൂ.പിന്നെ പെരുത്തുള്ള മുതല്‌ എനിക്കു പറ്റിയ അബദ്ധങ്ങളും മണ്ടത്തരങ്ങളുമാ... അതിങ്ങനെ രൂപാ ഗാംഗുലി മാഡത്തിന്റെ ബിന്നി സില്‍ക്സ്‌ സാരി പോലെ, അച്ചുമാമന്റെ തിരുമൊഴികള്‍ പോലെ, സ്ത്രീജന്മം പുണ്യജന്മം പോലെ നീണ്ടു നീണ്ടു കിടക്കുന്നു.ആരാന്റെ ബ്ലോഗിലെ മണ്ടത്തരം വായിക്കാന്‍ നല്ല ശേലാണല്ലോ!

എന്റെ അബദ്ധപഞ്ചാംഗവും അങ്ങനെ പോപ്പുലറാവും. ഞാനൊരു ഭയങ്കര സംഭവവുമാകും. പക്ഷേ നാളെ മറ്റൊരബദ്ധത്തിലെങ്ങാനും ഞാന്‍ മൈക്രൊസോഫ്റ്റിന്റെ ഇന്റര്‍വ്യു ക്ലിയര്‍ ചെയ്യുമ്പൊ, തന്റെ പിന്‍ഗാമിയെ പറ്റി ബില്‍ ഗേറ്റ്‌സ്‌ മീറ്റ്‌ ദെ പ്രസ്സില്‍ തകര്‍ക്കുമ്പൊ, ആ CNN പ്രതിനിധി ചോദിക്കുമ്പൊ "മച്ചാ ഗേറ്റ്‌സേയ്‌, ഈ ലോകത്തും പരലോകത്തും പേര്‌ കേട്ട ഈ ബൂലോഗ മണ്ടനെയല്ലാതെ വേറാരെയും ഇങ്ങക്കു കിട്ടിയില്ലേ ഈ കച്ചോടം നോക്കി നടത്താന്‍
*******ഠിം ഠിം ഠിം*********

"ഇതെന്താ പെറുക്കി കൂട്ടുന്നെ?"
"കുറച്ചു തവിടും അല്‍പ്പം നാസ്ഡാക്ക്‌ പൊടിയും"
"ഇതോ?"
"ബാക്കി വന്ന മലര്‍പ്പൊടിയാ"
(സ്വപ്നങ്ങളുടെ ഇന്‍ഡെക്സിലും കരടിയും കരടും...)

അപ്പൊ ഞാനും വവള്ളിവരപൂജ്യം ഉള്ളവനാണെന്ന്‌ നാലു പേര്‍ അറിയണം. അതിനെന്തൂട്ടു മാര്‍ഗ്ഗം?

തത്ത്വശാസ്ത്രവും അന്താരാഷ്ട്ര ഉഭയകക്ഷി പ്രശ്നങ്ങളുമെല്ലാം പ്രതിപാദിക്കുന്ന ഒരു ജാങ്കോ ബ്ലോഗ്‌. അതു ഒരു വിനയന്‍ പടം പോലെ കുറച്ച്‌ ഗ്രാഫിക്സും സ്വല്‍പം ഹൊററുമെല്ലാം ചാലിച്ച്‌ "കമ്മ്യുവും കാഫ്കയും പിന്നെ ഞാനും" അല്ലെങ്കില്‍ "ജിബ്രാനും റസ്സലും പിന്നെ ഞാനും" എന്നങ്ങു കാച്ചാം. പക്ഷേ വിനയന്‍ സ്റ്റൈയിലാവുമ്പോ എല്ലാ പോസ്റ്റിലും കുളത്തിലിറങ്ങി ഒരു കുളിസീന്‍ നിര്‍ബന്ധമാ. ഈ ബാഡിയും വെച്ചു കൊണ്ട്‌ ഞാനാ സാഹസത്തിനിറങ്ങിയാല്‍ ഷക്കീലാമ്മയുടെ വിഷമം കണ്ടില്ലെന്നു നടിക്കാം, പക്ഷേ S.A.ജയിന്‍ സാറിന്റെയും ജയ്‌-തേ-വന്‍ കൊച്ചാട്ടന്റെയും ശാപങ്ങളോ.... ഞാനില്ലേ സ്വാമീ... മാപ്പ്‌ മാപ്പ്‌ മാപ്പ്‌...

എന്നാപിന്നെ മ്മ്ടെ വയറ്റിപിഴപ്പിനെ തന്നെ പയറ്റാം. ടെക്നോളജി സംസാരിക്കുന്ന ഒരു യെമകണ്ടന്‍ സാധനം. അതിന്റെ ഹിറ്റ്‌ കൂട്ടാനുള്ള ഞൊണുക്കു വിദ്യയൊക്കെ എനിച്ചറിയാല്ലോ.. "ഇന്റര്‍നെറ്റ്‌ ബാങ്കിംഗും ലൈംഗീകതയും" അല്ലെങ്കില്‍ "സോഫ്റ്റ്‌വെയെര്‍ സെക്ക്യൂരിറ്റിയും ലൈംഗീകതയും" പക്ഷേ ഇപ്പറഞ്ഞ വിഷയങ്ങളില്‍ മ്മക്ക്‌ ഗ്രാഹ്യം ഉള്ളതു രണ്ട്‌. അവ രണ്ടും ഒന്ന്‌! ല്ലതിനെ പറ്റി യുവേര്‍സ്‌ ട്രൂലി എഴുതി തുടങ്ങിയാല്‍ പിന്നെ കോത്താരി ഡോക്ടര്‍ക്ക്‌ വനിതയില്‍ എഴുതേണ്ടി വരില്ലാ. പക്ഷേ എന്റെ ബ്ലോഗിന്റെ കഴുത്തില്‍ യെ സര്‍ട്ടീക്കറ്റ്‌ തൂക്കേണ്ടി വരും. മാണ്ട മകാനേ! മാണ്ട!

പിന്നെയീ ഫണ്ടാരത്തിനു എന്തു പേരിടും? (പണ്ടാരം എന്ന വാക്ക്‌ മേലാല്‍ സിനിമയിലോ പത്രത്തിലോ യാതൊരുവിധ മാധ്യമങ്ങളിലോ ഉപയൊഗിക്കരുതെന്നു സകലകേരളപണ്ടാര മഹാസഭ പണ്ടാരടങ്ങിയതായി വെള്ളിനക്ഷത്രത്തില്‍ വായിച്ചാരുന്നു)

കൂടെ ജ്വാലി ചെയ്യുന്നവരുടെയും പരിചയക്കാരുടെയും കൂടെയിരുന്നു ഒരു ബ്രെയിന്‍സ്റ്റോര്‍മിംഗ്‌ നടത്തിയാലോ?

"നിനക്കതിനു എഴുതാന്‍ അറിയാമോടാ ചെക്കാ?"
"സഹോ, ഇതൊരു അറ്റെംപ്റ്റേഷന്‍ മാത്രം "
"നീയെന്തുവാ കൂവെ, ഇതിനകത്തു പോസ്റ്റാന്‍ പോകുന്നെ?"
"സൂര്യനു കീഴിലുള്ള എന്തിനെ പറ്റിയും.. എനിക്കു തോന്നുന്നത്‌"
"എന്നാ അതു തന്നെ ഇട്ടാല്‍ പോരേ?"
"എന്ത്‌? തോന്നിയവാസം എന്നോ?"
"അല്ലെടാ പുത്തിമാനേ.. സൂര്യനു താഴെ.. "
*********************


19 Comments:

Blogger വല്യമ്മായി said...

സൂര്യന് താഴെ എന്തും പറഞ്ഞോളൂ.കേള്‍ക്കാന്‍ തയ്യാര്‍

സ്വാഗതം

3:35 AM, August 15, 2006  
Blogger ചാക്കോച്ചി said...

ഹോംപേജില്ലാത്തൊരുവനോട്‌ നിന്‍ സൈറ്റിലേക്കൊരു ലിങ്കും
ബ്ലോഗാത്തവനോട്‌ ബ്ലോഗിനൊരു പേരും ചോദിക്കുന്ന കൂട്ടുകാരാ,
നീയറിയുന്നുവോ കുഴിയിലെ ഉറക്കത്തില്‍ നിന്‍ അപ്പൂപ്പന്‍ തുമ്മുന്നത്‌?

ഹയ്യപ്പനോട്‌ പുലികളി... ഐ മീന്‍ കടപ്പാട്‌!
**********
ഒരു പുതിയ ബ്ലോഗ്‌ കൂടി... സഹിക്കുക തന്നെ! അല്ലാതെന്താ ചെയ്കാ?
ഇതു തുടങ്ങാന്‍ പ്രേരിപ്പിച്ച, സഹായിച്ച ഷിജുവിന്‌ നന്ദീണ്ട്‌ട്ട്ടൊ...

3:36 AM, August 15, 2006  
Blogger വക്കാരിമഷ്‌ടാ said...

ഹ...ഹ... അതിഷ്ടപ്പെട്ടു. ബ്ലോഗിന്റെ പേരിനെപ്പറ്റി ഒരു പോസ്റ്റ്. നാമോല്‍‌പത്തിയില്‍ ഇപ്പോള്‍ അരവിന്ദനും പിന്നെ സാമീടെ പൂച്ചക്കുട്ടിയുമായിരുന്നു ഓര്‍മ്മയില്‍ വരുന്നത്. ബ്ലോഗോല്‍‌പത്തിയില്‍ അങ്ങിനെ ഒരാളും കൂടെയായി.

വെലക്കം, വെലക്കം. ഷിജുവിനും നന്ദി.

3:43 AM, August 15, 2006  
Blogger ഇത്തിരിവെട്ടം|Ithiri said...

ഹെന്റ്മ്മോ... മറ്റൊരു പുലിക്കൂടി..

വരട്ടേ... വായിക്കാന്‍ ഞന്‍ റെഡി..

3:54 AM, August 15, 2006  
Blogger ബിരിയാണിക്കുട്ടി said...

ഇതൊരു നടയ്ക്കു പോകണ ലക്ഷണമില്ല. ചെക്കന്‍ ആള് ചെറിയ മൊതലല്ല. ന്നാ, ഈ ബെഞ്ചിലേക്കങ്ങിരി. ന്നാ പിടി ഒരു ഗ്ലാസ് കട്ടന്‍. ഇനി തൊടങ്ങിക്കോ. അടിച്ച് പൊളിക്കേ, പൊളിച്ചടുക്കേ എന്ത് വേണങ്കിലും ചെയ്യ്‌.

4:16 AM, August 15, 2006  
Blogger പെരിങ്ങോടന്‍ said...

ഇതു കൊള്ളാം. ബൂലോഗത്തിലേയ്ക്കു സ്വാഗതം ചാക്കോച്ചി. ഒപ്പം തന്നെ പോസ്റ്റിനു ടൈറ്റിലിടാനും മറ്റും മറക്കാതിരിക്കുക. സംശയനിവാരണങ്ങള്‍ക്കു വക്കാരി, ആദിത്യന്‍, സീയെസ് എന്നിവരെഴുതിയ ലേണ്‍ ബൂലോഗം ഇന്‍ 10 മിനുട്ട്സ് എന്ന പ്രസിദ്ധമായ ഗ്രന്ഥം സേര്‍ച്ച് ചെയ്തു കണ്ടുപിടിച്ചു വായിച്ചു നോക്കുക.

4:26 AM, August 15, 2006  
Blogger വക്കാരിമഷ്‌ടാ said...

ആ പുസ്തകത്തിന്റെ ചില പ്രധാന ഭാഗങ്ങള്‍ ഇവിടെയും, ഇവിടെയും, പിന്നെ ഇവിടെയും കിട്ടും.

പ്രയോജനപ്രദമായ ചില സെറ്റിംഗ്‌സുകളെപ്പറ്റി ആദിത്യന്‍ വളരെ ലളിതമായി പറഞ്ഞിട്ടുണ്ട്.

4:42 AM, August 15, 2006  
Blogger കൈത്തിരി said...

അപ്പീ വല്യമ്മായി എന്തരും പറ്ഞ്ഞോളാന്‍ അനുവാദം തന്നുന്നുവച്ച്, തെറി വല്ലതും പറഞ്ഞാള്‍, പയലേ, അടിച്ചു നൂര്‍ത്തു കളേം ക്വേട്ടാ.. സ്വാഗതം, വരൂ വക്കൂ വിളമ്പൂ....

4:56 AM, August 15, 2006  
Blogger ബിന്ദു said...

സ്വാഗതം ണ്ട് ട്ടാ‍... :)

6:17 AM, August 15, 2006  
Blogger ലാപുട said...

ചാക്കോച്ചീ, തുടക്കം കിടിലോല്‍ക്കിടിലം. കാത്തിരിക്കുന്നു പുതിയ അമിട്ടുകള്‍ക്ക്....

6:19 PM, August 15, 2006  
Blogger Adithyan said...

ചാക്കോച്ചിയേ ഇതെന്നതാന്നേ... ഉയ്യോ!!
ഇതു നല്ല ഷൈനിങ്ങായി കെട്ടോ... ഉള്ളകാര്യം പറയാവല്ലോ നല്ല ഫസ്റ്റ് ക്ലാസ് തൊടക്കവല്ലിയോ ഈ തൊടങ്ങിയേക്കുന്നേ... എന്നാപ്പിന്നെ അങ്ങു പിടിപ്പിക്കുവല്ലിയോ?

6:36 PM, August 15, 2006  
Anonymous Anonymous said...

എന്റെ ചാക്കോച്ചീയെ...സൊയമ്പന്‍ എന്ന് ചുമ്മാ പറഞ്ഞാ പോരാ....ശരിക്കും...
സൊയമ്പന്‍ പോസ്റ്റ്! അതു ഫസ്റ്റ് പോസ്റ്റ് ഇങ്ങിനെയാവുമ്പോ എനിക്കിനി ഓര്‍ക്കാന്‍ കൂടി മേലാ!

“എങ്കിലും എങ്കിലുമെങ്കിലുമെന്തെങ്കിലുമൊക്കെ മലയാളത്തില്‍ കുത്തികുറിക്കുന്നതിലുള്ള ഒരു കൌതുകം, അതു വായിച്ചിട്ട്‌ വിവരമുള്ള നാലു പേര്‍ പറയുന്ന തെറി കേള്‍ക്കാന്‍ ഒരാഗ്രഹം..“

സേം പിഞ്ച്!! സേം പിഞ്ച്!

7:00 PM, August 15, 2006  
Blogger ദിവ (diva) said...

സ്വാഗതം ചാക്കോച്ചീ...

8:54 PM, August 15, 2006  
Blogger ശ്രീജിത്ത്‌ കെ said...

സ്വഗതം ചാക്കോച്ചീ. ആദ്യ പോസ്റ്റ് തന്നെ തകര്‍പ്പന്‍

5:06 AM, August 16, 2006  
Blogger വിശാല മനസ്കന്‍ said...

ചാക്കോച്ച്യേ...അടിപൊളി.

ആള്‍ടെ ഇനം മനസ്സിലായി. പുലിബാഹുല്യം വല്ലാതാകുന്നു ബ്ലോഗില്‍.

അതിന്റെ എടേക്കോടെ, എന്റെ ചെവിയുടെ അപ്പര്‍‍ സൈഡില്‍, ചൂണ്ടാണി വിരല്‍ മോഹന്‍ ലാല്‍ ഒരു പരസ്യത്തില്‍ പിടിക്കുമ്പോലെ പിടിച്ച്, വിട്ട് ഒന്നടിച്ചതും കണ്ടു. ഹിഹി.

നടക്കട്ടെ നടക്കട്ടെ.

5:21 AM, August 16, 2006  
Blogger ചാക്കോച്ചി said...

വക്കാരി സാന്‍, മ്ലോഗ്ഗിംഗ്ങ്ങ്‌ ഫോര്‍ ഡമ്മീസിന്റെ ഓട്ടോഗ്രാഫ്ഡ്‌ പതിപ്പിന്‌ അരിഗാത്തോ ഗോണ്‍സാല്‍വസ്‌.

വല്ല്യമ്മായി, ആദ്യത്തെ സ്വാഗതത്തിന്‌ മധുരം കൂട്ടി ഒരു പ്പെഷ്യല്‍ ഡാങ്ക്സ്‌.

വിശാലോ സത്ത്യായും നിങ്ങടെ പുരാണമാണ്‌ എന്നെ മലയാളം വീണ്ടും വായിപ്പിച്ചത്‌.

ഇഞ്ചിയേയ്‌, ക്വോട്ടിയതില്‍ പെരുത്ത്‌ പെരുത്ത്‌ സന്തോഷം

ഇത്തിരി, ബിരി, പെരി, തിരി, ശിരി,
ബിന്ദൂസ്‌, ലാപൂസ്‌, ആദീസ്‌,ദിവാസ്‌, ബാക്കി വായനക്കാര്‍സ്‌,

എല്ലാര്‍ക്കും കുന്നോളം, കടലോളം നന്ദി!

വെറും ചാക്കന്‍സ്‌
( ലുങ്കിയുടെ മടക്കിക്കുത്ത്‌ അഴിച്ചിട്ട്‌, ഒരു വളിച്ച ചിരിയോടെ, തല ചൊറിഞ്ഞോണ്ട്‌, വിനയാകിണിതനായി:-)

10:37 PM, August 16, 2006  
Blogger വക്കാരിമഷ്‌ടാ said...

ഇത്തിരീ, ബിരീ, പെരീ, തിരീ...

ഹ...ഹ...ഹ... ഇതെന്തിനെയൊക്കെയോ തുടക്കമാണല്ലോ.

ആകാംക്ഷ കക്ഷത്തിലടക്കിപ്പിടിച്ച് ശ്വാസം വിടാതെ കാ തോര്‍ത്തിയിരിക്കുന്നു, അടുത്ത പോസ്റ്റിനായി.

10:43 PM, August 16, 2006  
Blogger RR said...

തകര്‍പ്പന്‍ എന്നു വെറുതെ പറഞ്ഞാല്‍ പോര. :) കിടിലം പോസ്റ്റ്‌. അടുത്തതിനു വേണ്ടി കാത്തിരിക്കുന്നു.

qw_er_ty

10:52 PM, August 16, 2006  
Blogger റോബി said...

ചാക്കോച്ചിയേയ്‌
പേരു വെന്ന വെഴി തെന്നെ കെലക്കി...
ബ്ളോഗ് നിറയെ പോസ്റ്റുകള്‍ പോരട്ടെ...

7:58 PM, October 06, 2006  

Post a Comment

Links to this post:

Create a Link

<< Home