Tuesday, August 15, 2006

പേരിലെന്തിരിക്കുന്നെന്നോ?

1. "എടാ കൊച്ചനേ, ഇതു വരെ ജോലിയൊന്നും ആയില്ലേടാ? കുറേ നാളായല്ലോ നീ ഇന്റര്‍വ്യൂ ഇന്റര്‍വ്യൂ എന്നും പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട്‌ "
2. "ആഹ്‌... നീ എപ്പൊഴാ വന്നത്‌? എന്നാ തിരിച്ച്‌ പോകുന്നെ?"


നല്ല പഷ്ട്‌ ചോദ്യങ്ങള്‍ അല്ലേ? എന്നാ ഒന്നൂടെ പിടിച്ചൊ!

"നിന്റെ ബ്ലോഗിന്റെ പേരെന്താ?"

ബ്ലോഗ്‌ വായിച്ചും കമന്റുണ്ടും ഇരുന്ന ചാക്കോച്ചിക്ക്‌ പെട്ടന്നൊരു വിളി വന്നു-സ്വന്തമായി ഒരു ബ്ലോഗ്‌ തുടങ്ങാന്‍. ഏന്നാലേ ഇവിടെത്തെ ബൈലോ പ്രകാരം വോട്ടവകാശം കിട്ടത്തൊള്ളൂ പോലും. ബ്ലോഗ്‌ തുടങ്ങാന്‍ എളുപ്പമാന്ന്‌ തോന്നുന്നു. ഇവിടെ ദിവസവും മൂന്നുനേരം ഓരോരോ പുതുമുഖങ്ങള്‍ ഞാന്‍ ചിന്നനാണ്‌, ഞാന്‍ കൊമ്പനാണ്‌, ഞാന്‍ അടിച്ചു പൊളിക്കും, ഞാന്‍ പൊളിച്ചടുക്കും എന്നൊക്കെ പറഞ്ഞു തുടങ്ങി മൂന്നിന്റന്ന്‌ ബ്ലോക്കും പിക്ച്ചറും ഫോള്‍ഡ്‌ ചെയ്ത്‌ മൂലയ്ക്കിരിക്കുന്നത്‌ കാണാഞ്ഞിട്ടല്ല... എങ്കിലും എങ്കിലുമെങ്കിലുമെന്തെങ്കിലുമൊക്കെ മലയാളത്തില്‍ കുത്തികുറിക്കുന്നതിലുള്ള ഒരു കൌതുകം, അതു വായിച്ചിട്ട്‌ വിവരമുള്ള നാലു പേര്‍ പറയുന്ന തെറി കേള്‍ക്കാന്‍ ഒരാഗ്രഹം!

ഈ ബൂലോഹത്തിലെ എന്റെ ആറടി മണ്ണിനു എന്തു ഞാന്‍ പേരിടും? കൊടകര ക്ലബ്ബിന്റെ പടിഞ്ഞാറ്‌ ആല്‍ത്തറ ജ്യംഷന്റെ ഇടത്ത്‌ വശത്ത്‌ മൂന്നാമത്തെ ബ്ലോഗ്‌ എന്ന്‌ പറഞ്ഞാല്‍ പോരല്ലോ. നല്ല ഗുമ്മന്‍ പേര്‌ വേണം. നെറ്റായ നെറ്റൊക്കെ കിടുങ്ങി വിറയ്ക്കുന്ന ബൂലോഗം കോരിത്തരിക്കുന്ന ഒരു പ്യേരു തന്നെ വേണം...ചാക്കോച്ചിയുടെ സങ്കീര്‍ത്തനങ്ങള്‍ എന്നോ ചാക്കോച്ചിയുടെ ലുത്തിനിയകള്‍ എന്നോ മറ്റോ! പക്ഷേ മാധവണ്ണനും ശ്രീധരണ്ണനുമൊക്കെ ബ്ലോഗാന്‍ തുടങ്ങുമ്പൊ അവര്‍ക്ക്‌ ഒരു
inf dot com തോന്നിയാലോ?

ഏന്നാ സാഹിത്യം തുളുമ്പുന്ന പേരായിക്കോട്ടെ... നീര്‍മാതളങ്ങള്‍ പോലെ, മുന്തിരിത്തോപ്പുകള്‍ പോലെ...പക്ഷേ ഇത്രോം നല്ല name board താങ്ങി പിടിച്ചോണ്ടു നില്‍ക്കാന്‍ അകത്ത്‌ വല്ല സ്റ്റഫ്ഫും വേണ്ടേ? ഇവിടാകെയുള്ള ക്യാപിറ്റല്‍ ഈ "ശൂരംഭത്ത്വം" ആണെന്നു എനിക്കു മാത്രമല്ലേ അറിയൂ.പിന്നെ പെരുത്തുള്ള മുതല്‌ എനിക്കു പറ്റിയ അബദ്ധങ്ങളും മണ്ടത്തരങ്ങളുമാ... അതിങ്ങനെ രൂപാ ഗാംഗുലി മാഡത്തിന്റെ ബിന്നി സില്‍ക്സ്‌ സാരി പോലെ, അച്ചുമാമന്റെ തിരുമൊഴികള്‍ പോലെ, സ്ത്രീജന്മം പുണ്യജന്മം പോലെ നീണ്ടു നീണ്ടു കിടക്കുന്നു.ആരാന്റെ ബ്ലോഗിലെ മണ്ടത്തരം വായിക്കാന്‍ നല്ല ശേലാണല്ലോ!

എന്റെ അബദ്ധപഞ്ചാംഗവും അങ്ങനെ പോപ്പുലറാവും. ഞാനൊരു ഭയങ്കര സംഭവവുമാകും. പക്ഷേ നാളെ മറ്റൊരബദ്ധത്തിലെങ്ങാനും ഞാന്‍ മൈക്രൊസോഫ്റ്റിന്റെ ഇന്റര്‍വ്യു ക്ലിയര്‍ ചെയ്യുമ്പൊ, തന്റെ പിന്‍ഗാമിയെ പറ്റി ബില്‍ ഗേറ്റ്‌സ്‌ മീറ്റ്‌ ദെ പ്രസ്സില്‍ തകര്‍ക്കുമ്പൊ, ആ CNN പ്രതിനിധി ചോദിക്കുമ്പൊ "മച്ചാ ഗേറ്റ്‌സേയ്‌, ഈ ലോകത്തും പരലോകത്തും പേര്‌ കേട്ട ഈ ബൂലോഗ മണ്ടനെയല്ലാതെ വേറാരെയും ഇങ്ങക്കു കിട്ടിയില്ലേ ഈ കച്ചോടം നോക്കി നടത്താന്‍
*******ഠിം ഠിം ഠിം*********

"ഇതെന്താ പെറുക്കി കൂട്ടുന്നെ?"
"കുറച്ചു തവിടും അല്‍പ്പം നാസ്ഡാക്ക്‌ പൊടിയും"
"ഇതോ?"
"ബാക്കി വന്ന മലര്‍പ്പൊടിയാ"
(സ്വപ്നങ്ങളുടെ ഇന്‍ഡെക്സിലും കരടിയും കരടും...)

അപ്പൊ ഞാനും വവള്ളിവരപൂജ്യം ഉള്ളവനാണെന്ന്‌ നാലു പേര്‍ അറിയണം. അതിനെന്തൂട്ടു മാര്‍ഗ്ഗം?

തത്ത്വശാസ്ത്രവും അന്താരാഷ്ട്ര ഉഭയകക്ഷി പ്രശ്നങ്ങളുമെല്ലാം പ്രതിപാദിക്കുന്ന ഒരു ജാങ്കോ ബ്ലോഗ്‌. അതു ഒരു വിനയന്‍ പടം പോലെ കുറച്ച്‌ ഗ്രാഫിക്സും സ്വല്‍പം ഹൊററുമെല്ലാം ചാലിച്ച്‌ "കമ്മ്യുവും കാഫ്കയും പിന്നെ ഞാനും" അല്ലെങ്കില്‍ "ജിബ്രാനും റസ്സലും പിന്നെ ഞാനും" എന്നങ്ങു കാച്ചാം. പക്ഷേ വിനയന്‍ സ്റ്റൈയിലാവുമ്പോ എല്ലാ പോസ്റ്റിലും കുളത്തിലിറങ്ങി ഒരു കുളിസീന്‍ നിര്‍ബന്ധമാ. ഈ ബാഡിയും വെച്ചു കൊണ്ട്‌ ഞാനാ സാഹസത്തിനിറങ്ങിയാല്‍ ഷക്കീലാമ്മയുടെ വിഷമം കണ്ടില്ലെന്നു നടിക്കാം, പക്ഷേ S.A.ജയിന്‍ സാറിന്റെയും ജയ്‌-തേ-വന്‍ കൊച്ചാട്ടന്റെയും ശാപങ്ങളോ.... ഞാനില്ലേ സ്വാമീ... മാപ്പ്‌ മാപ്പ്‌ മാപ്പ്‌...

എന്നാപിന്നെ മ്മ്ടെ വയറ്റിപിഴപ്പിനെ തന്നെ പയറ്റാം. ടെക്നോളജി സംസാരിക്കുന്ന ഒരു യെമകണ്ടന്‍ സാധനം. അതിന്റെ ഹിറ്റ്‌ കൂട്ടാനുള്ള ഞൊണുക്കു വിദ്യയൊക്കെ എനിച്ചറിയാല്ലോ.. "ഇന്റര്‍നെറ്റ്‌ ബാങ്കിംഗും ലൈംഗീകതയും" അല്ലെങ്കില്‍ "സോഫ്റ്റ്‌വെയെര്‍ സെക്ക്യൂരിറ്റിയും ലൈംഗീകതയും" പക്ഷേ ഇപ്പറഞ്ഞ വിഷയങ്ങളില്‍ മ്മക്ക്‌ ഗ്രാഹ്യം ഉള്ളതു രണ്ട്‌. അവ രണ്ടും ഒന്ന്‌! ല്ലതിനെ പറ്റി യുവേര്‍സ്‌ ട്രൂലി എഴുതി തുടങ്ങിയാല്‍ പിന്നെ കോത്താരി ഡോക്ടര്‍ക്ക്‌ വനിതയില്‍ എഴുതേണ്ടി വരില്ലാ. പക്ഷേ എന്റെ ബ്ലോഗിന്റെ കഴുത്തില്‍ യെ സര്‍ട്ടീക്കറ്റ്‌ തൂക്കേണ്ടി വരും. മാണ്ട മകാനേ! മാണ്ട!

പിന്നെയീ ഫണ്ടാരത്തിനു എന്തു പേരിടും? (പണ്ടാരം എന്ന വാക്ക്‌ മേലാല്‍ സിനിമയിലോ പത്രത്തിലോ യാതൊരുവിധ മാധ്യമങ്ങളിലോ ഉപയൊഗിക്കരുതെന്നു സകലകേരളപണ്ടാര മഹാസഭ പണ്ടാരടങ്ങിയതായി വെള്ളിനക്ഷത്രത്തില്‍ വായിച്ചാരുന്നു)

കൂടെ ജ്വാലി ചെയ്യുന്നവരുടെയും പരിചയക്കാരുടെയും കൂടെയിരുന്നു ഒരു ബ്രെയിന്‍സ്റ്റോര്‍മിംഗ്‌ നടത്തിയാലോ?

"നിനക്കതിനു എഴുതാന്‍ അറിയാമോടാ ചെക്കാ?"
"സഹോ, ഇതൊരു അറ്റെംപ്റ്റേഷന്‍ മാത്രം "
"നീയെന്തുവാ കൂവെ, ഇതിനകത്തു പോസ്റ്റാന്‍ പോകുന്നെ?"
"സൂര്യനു കീഴിലുള്ള എന്തിനെ പറ്റിയും.. എനിക്കു തോന്നുന്നത്‌"
"എന്നാ അതു തന്നെ ഇട്ടാല്‍ പോരേ?"
"എന്ത്‌? തോന്നിയവാസം എന്നോ?"
"അല്ലെടാ പുത്തിമാനേ.. സൂര്യനു താഴെ.. "
*********************